Month: ഏപ്രിൽ 2026

പാടുന്ന മേച്ചിൽപ്പുറങ്ങൾ

താഴ്വരകൾ ധാന്യംകൊണ്ടു മൂടിയിരിക്കുന്നു; അവർ ആർക്കുകയും പാടുകയും ചെയ്യുന്നു. [ സങ്കീർത്തനം 65:13 ]

പാടുന്ന മേച്ചിൽപ്പുറങ്ങൾ

തന്റെ നായ്ക്കളോടു സംസാരിക്കാനുള്ള എന്റെ ഭാര്യാമാതാവിന്റെ കഴിവിനെക്കുറിച്ച് ഞാൻ സ്നേഹപൂർവ്വം തമാശ പറയുമായിരുന്നു. അവയുടെ കുരയോട് “തനിക്കു മനസ്സിലായി’’ എന്ന തരത്തിൽ അവൾ സ്നേഹപൂർവ്വം പ്രതികരിക്കുമായിരുന്നു. ഇപ്പോൾ അവളും എല്ലായിടത്തുമുള്ള നായ് ഉടമകളും അവയുടെ ചിരി ശ്രദ്ധാപൂർവ്വം നിരീക്ഷിക്കാറുണ്ട്. നായ്ക്കൾ, പശുക്കൾ, കുറുക്കന്മാർ, സീലുകൾ, തത്തകൾ തുടങ്ങിയ അനേക മൃഗങ്ങൾ “വിനോദ ശബ്ദ അടയാളങ്ങൾ’’ - അഥവാ ചിരി - പുറപ്പെടുവിക്കാറുണ്ടെന്ന് ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിട്ടുണ്ട്. ഈ ശബ്ദങ്ങൾ തിരിച്ചറിയുന്നത് മൃഗത്തിന്റെ വിനോദ സ്വഭാവം മനസ്സിലാക്കാനും മനുഷ്യനോടുള്ള ആക്രമണ സ്വഭാവത്തിൽനിന്നു വേർതിരിച്ചറിയാനും സഹായിക്കും.

മൃഗങ്ങൾ ചിരിയും സന്തോഷവും പ്രകടിപ്പിക്കുന്നത്, സൃഷ്ടിയിലെ ഇതര ജീവജാലങ്ങൾ തങ്ങളുടേതായ മാർഗ്ഗത്തിൽ ദൈവത്തെ സ്തുതിക്കുന്നു എന്ന സന്തോഷകരമായ വസ്തുത നമ്മെ ഓർമ്മിപ്പിക്കുന്നു. ദാവീദ് രാജാവ് തന്റെ ചുറ്റുപാടുകളെ നിരീക്ഷിച്ചപ്പോൾ, “കുന്നുകൾ ഉല്ലാസം ധരിക്കുന്നതായും’’ മേച്ചിൽപ്പുറങ്ങളും താഴ്വരകളും “ആർക്കുകയും പാടുകയും’’ ചെയ്യുന്നതായും അവനു തോന്നി (സങ്കീർത്തനം 65:12-13). ദൈവം, സൗന്ദര്യവും നിലനില്പിനുള്ള ഉപാധികളും നൽകിക്കൊണ്ട് ദേശത്തെ പരിപാലിക്കുകയും സമ്പന്നമാക്കുകയും ചെയ്യുന്നതായി ദാവീദ് തിരിച്ചറിഞ്ഞു.

നമ്മുടെ ഭൗതിക ചുറ്റുപാടുകൾ അക്ഷരികമായി “പാടുന്നില്ലെങ്കിലും’’ അവ തന്റെ സൃഷ്ടിയിലുള്ള ദൈവത്തിന്റെ സജീവ പ്രവർത്തനത്തിനു സാക്ഷ്യം വഹിക്കുകയും, നമ്മുടെ ശബ്ദം ഉപയോഗിച്ച് അവനെ സ്തുതിക്കുവാൻ നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു. “സർവ്വ ഭൂമിയുടെയും’’ ഭാഗമായ നമുക്ക് അവൻ ചെയ്യുന്ന “അത്ഭുത കാര്യങ്ങൾ’’ മനസ്സിലാക്കി “ആർപ്പോടെ’’ (വാ. 8) അവനെ സ്തുതിക്കാം. അവൻ അതു കേട്ട് മനസ്സിലാക്കുമെന്നു നമുക്കു വിശ്വസിക്കാം. കിർസ്റ്റെൻ ഹോംബെർഗ്

നിങ്ങളുടെ ഭൗതിക ചുറ്റുപാടുകൾ എങ്ങനെയാണ് ദൈവത്തെ
സ്തുതിക്കുവാൻ നിങ്ങളെ ഉത്സാഹിപ്പിക്കുന്നത്?
മറ്റെവിടെയാണ് ദൈവത്തിന്റെ കരവിരുത് നിങ്ങൾ കണ്ടിട്ടുള്ളത്?

ദൈവമേ, സൃഷ്ടിയിൽ അങ്ങയുടെ തുടർമാനമായ
പ്രവൃത്തികൾക്കു നന്ദി പറയുന്നു.

കാണാനുള്ള കണ്ണ്

കുരുട്ടുകണ്ണുകളെ തുറപ്പാനും ... ഞാൻ നിന്നെ ... ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും. [ യെശയ്യാവ് 42:6-7 ]

കാണാനുള്ള കണ്ണ്

ജനവീവിന്, തിമിര ബാധയോടെ ജനിച്ച തന്റെ മൂന്നു മക്കളുടെ “കണ്ണുകൾ’’ ആയിരിക്കേണ്ടിവന്നു. പശ്ചിമാഫ്രിക്കൻ രാജ്യമായ റിപ്പബ്ലിക് ഓഫ് ബെനിനിലെ ഗ്രാമത്തിലേക്ക് അവരെ കൊണ്ടുപോകുമ്പോൾ, അവൾ ഇളയ കുട്ടിയെ മുതുകത്തു വെച്ചുകെട്ടി, മൂത്ത രണ്ടു കുട്ടികളെ ഇരുകൈകളിലും പിടിച്ചാണ് യാത്രചെയ്തിരുന്നത്. അന്ധത മന്ത്രവാദത്തിന്റെ ഫലമാണെന്നു വിശ്വസിച്ചിരുന്ന ഒരു സമൂഹത്തിൽ, ജനവീവ് തന്റെ നിരാശയിൽ സഹായത്തിനായി ദൈവത്തോടു നിലവിളിച്ചു.

ആ സമയത്താണ്, ഒരു മനുഷ്യൻ മേഴ്സി ഷിപ്പുകളെക്കുറിച്ച് അവളോടു പറഞ്ഞത്. ദരിദ്രർക്ക് പ്രത്യാശയും സൗഖ്യവും നൽകുന്ന യേശുവിന്റെ മാതൃക പിന്തുടർന്ന് സർജറികൾ ചെയ്യുന്ന ഒരു ശുശ്രൂഷയായിരുന്നു മേഴ്സി ഷിപ്പുകളുടേത്. അവർക്കു സഹായിക്കാൻ കഴിയുമോ എന്ന് ഉറപ്പില്ലായിരുന്നുവെങ്കിലും അവൾ അവരെ സമീപിച്ചു. കുട്ടികൾ ശസ്ത്രക്രിയയ്ക്കുശേഷം ഉണർന്നപ്പോൾ അവർക്കു കാഴ്ച ലഭിച്ചു.

ദൈവത്തിന്റെ കഥ എല്ലായ്പ്പോഴും, ഇരുട്ടിൽ തപ്പിത്തടയുന്നവരുടെ അടുത്തെത്തി അവർക്കു വെളിച്ചം പകരുന്നതിനെക്കുറിച്ചുള്ളതാണ്. ദൈവം “ജാതികൾക്കു വെളിച്ചം’’ ആയിരിക്കുമെന്ന് യെശയ്യാ പ്രവാചകൻ പ്രഖ്യാപിച്ചു (യെശയ്യാവ് 42:6). അവൻ “കുരുട്ടുകണ്ണുകളെ തുറക്കുകയും’’ (വാ. 7), ഭൗതിക കാഴ്ച മാത്രമല്ല ആത്മിക ദർശനവും പുനഃസ്ഥാപിക്കുകയും ചെയ്യും. തന്റെ ജനത്തിന്റെ “കൈ പിടിക്കുമെന്നും’’ (വാ. 6) അവൻ വാഗ്ദത്തം ചെയ്തു. അവൻ കുരുടർക്കു കാഴ്ച നൽകുകയും അന്ധകാരത്തിൽ പാർക്കുന്നവർക്കു വെളിച്ചം എത്തിക്കുകയും ചെയ്യും. അന്ധകാരം നിങ്ങളെ മൂടിയിരിക്കുന്നു എന്നു തോന്നുന്നുവെങ്കിൽ, നമ്മുടെ സ്നേഹവാനായ പിതാവിന്റെ വാഗ്ദത്തത്തെ മുറുകെ പിടിച്ചുകൊണ്ടും അവിടുത്തെ വെളിച്ചത്താൽ കാഴ്ച നൽകാൻ അപേക്ഷിച്ചുകൊണ്ടും പ്രത്യാശ മുറുകെപ്പിടിക്കുക. എമി ബോഷർ പൈ

ശാരീരികമായോ ആത്മികമായോ ദൈവം നിങ്ങളുടെ
കണ്ണുകളെ തുറന്നതെങ്ങനെയാണ്? നിങ്ങളുടെ കാഴ്ചയെ
മൂടിയിരിക്കുന്ന മറയെ അവനെങ്ങനെ മാറ്റുവാൻ കഴിയും?

സ്വർഗ്ഗീയ പിതാവേ, ആരും അന്ധകാരത്തിൽ കഴിയരുത് എന്ന് അങ്ങ് ആഗ്രഹിക്കുന്നുവല്ലോ. ഏതെങ്കിലും വിധത്തിൽ അന്ധകാരത്തിൽ
കഴിയുന്നവരെ, അവർക്കു കാണാൻ കഴിയത്തക്കവിധം,
അവരുടെമേൽ അങ്ങയുടെ സ്നേഹം ചൊരിയണമേ.

ക്രിസ്തുവിനെ ധരിക്കുക

നാം ഇരുട്ടിന്റെ പ്രവൃത്തികളെ വെച്ചുകളഞ്ഞു വെളിച്ചത്തിന്റെ ആയുധവർഗ്ഗം ധരിച്ചുകൊൾക. [ റോമർ 13:12 ]

ക്രിസ്തുവിനെ ധരിക്കുക

ആദ്യമായി എന്റെ പുതിയ കണ്ണട ധരിച്ചപ്പോൾ ഞാൻ ആഹ്ലാദഭരിതനായിരുന്നു, എന്നാൽ ചില മണിക്കൂറുകൾ കഴിഞ്ഞപ്പോൾ അത് വലിച്ചെറിയണമെന്നു തോന്നി. എന്റെ കണ്ണു വേദനിക്കുകയും തല വിങ്ങുകയും ചെയ്തു. പരിചിതമല്ലാത്ത ഫ്രെയിം എന്റെ ചെവിയിൽ വേദനയുളവാക്കി. പിറ്റേ ദിവസം, കണ്ണട ധരിക്കണമെന്ന് ഓർത്തപ്പോൾ തന്നേ എനിക്കു കരച്ചിൽവന്നു. എന്റെ ശരീരം അതിനോടു പൊരുത്തപ്പെടുന്നതിനായി എനിക്ക് ദിവസവും ആവർത്തിച്ച് കണ്ണട ധരിക്കേണ്ടിവന്നു. അതിന് ആഴ്ചകൾ വേണ്ടിവന്നു, ഒടുവിൽ എനിക്കു പ്രയാസം കൂടാതെ അവ ധരിക്കാമെന്നു ഞാൻ മനസ്സിലാക്കി.

പുതുതായി ഒന്നു ധരിക്കുന്നതിന് മാറ്റം വരുത്തൽ ആവശ്യമാണ്, ക്രമേണ അതു നമുക്കു ശീലമാകുകയും നമുക്കതു നന്നായി ഇണങ്ങുകയും ചെയ്യും. മുമ്പു നാം കാണാത്ത കാര്യങ്ങൾ കാണാനും നമുക്കു കഴിയും. റോമർ 13 ൽ, “വെളിച്ചത്തിന്റെ ആയുധവർഗ്ഗം ധരിക്കുവാനും” (വാ. 12) ശരിയായ ജീവിതം നയിക്കുവാനും ക്രിസ്തുവിന്റെ അനുയായികളോട് പൗലൊസ് നിർദ്ദേശിക്കുന്നു. അവർ നേരത്തെ തന്നേ യേശുവിൽ വിശ്വസിച്ചവരാണ്. എന്നാൽ അവർ “ഉറക്കത്തിലേക്കു’’ വീഴുകയും അലംഭാവമുള്ളവരായിത്തീരുകയും ചെയ്തു; അവർ “ഉണർന്ന്’’ പ്രവർത്തിക്കുകയും മര്യാദയായി നടക്കുകയും പാപത്തെ ഉപേക്ഷിക്കുകയും വേണം (വാ. 11-12). ക്രിസ്തുവിനെ ധരിക്കുവാനും അവരുടെ ചിന്തയിലും പ്രവൃത്തികളിലും കൂടുതൽ അവനെപ്പോലെ ആയിത്തീരുവാനും പൗലൊസ് അവരെ ഉത്സാഹിപ്പിക്കുന്നു (വാ. 14).

യേശുവിന്റെ സ്നേഹമസൃണവും സൗമ്യവും മനസ്സലിവുള്ളതും കൃപാപൂർവ്വവും വിശ്വസ്തവുമായ വഴികളെ ഒറ്റ രാത്രികൊണ്ടു ജീവിതത്തിൽ പ്രതിഫലിപ്പിച്ചു തുടങ്ങുവാൻ നമുക്കു കഴിയുകയില്ല. അതു സുഖകരമല്ലാത്തതിനാൽ അതു ധരിക്കാൻ നമുക്കിഷ്ടമല്ലെങ്കിൽപ്പോലും ഓരോ ദിവസവും “വെളിച്ചത്തിന്റെ ആയുധവർഗ്ഗം ധരിക്കുന്നതു’’ തിരഞ്ഞെടുക്കുന്ന നീണ്ട പ്രക്രിയയാണത്. ക്രമേണ അതിഷ്ടപ്പെടത്തക്കവിധം അവൻ നമ്മെ രൂപാന്തരപ്പെടുത്തും. കാരെൻ പിമ്പോ

ഇന്ന് “യേശുവിനെ ധരിക്കുക’’ എന്നു പറഞ്ഞാൽ എന്താണർത്ഥം? 
ക്രിസ്തുസാദൃശ്യം ശീലിക്കുന്നത് കാലക്രമേണ കൂടുതൽ 
എളുപ്പമായിത്തീരുന്നത് എങ്ങനെയാണ്?

യേശുവേ, എന്നെ ദിനംതോറും രൂപാന്തരപ്പെടുത്തുന്നതിനു നന്ദി പറയുന്നു.

പട്ടണത്തിലെ സന്തോഷം

നീതിമാന്മാർ ശുഭമായിരിക്കുമ്പോൾ പട്ടണം സന്തോഷിക്കുന്നു. [ സദൃശവാക്യങ്ങൾ 11:10 ]

പട്ടണത്തിലെ സന്തോഷം

ഫ്രാൻസും അർജന്റീനയും 2022 ലെ ലോകക്കപ്പ് ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ, “ചരിത്രത്തിലെ ഏറ്റവും വലിയ വേൾഡ് കപ്പ് മാച്ച്’’ എന്നു പലരും വിശേഷിപ്പിച്ച അതിശയകരമായ മത്സരം ആയി അതു മാറി. എക്സ്ട്രാ ടൈമിലേക്കു കളി നീണ്ടപ്പോഴും സ്കോർ 3-3 ൽ നില്ക്കുകയും പെനാൽറ്റി കിക്കിലേക്ക് നീങ്ങുകയും ചെയ്തു. അർജന്റീന വിജയ ഗോൾ നേടിയപ്പോൾ, രാജ്യം ഉത്സവത്തിമിർപ്പിലായി. ബ്യൂണസ് അയേഴ്സ് നഗരത്തിൽ തിങ്ങിനിറഞ്ഞ 10 ലക്ഷത്തിലധികം അർജന്റീനക്കാരുടെ തിരക്ക് നഗരപ്രാന്തത്തിലേക്കു നീണ്ടു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഡ്രോൺ വീഡിയോ ദൃശ്യങ്ങൾ ആർപ്പുവിളിയും സന്തോഷവും ചിത്രീകരിക്കുന്നവയായിരുന്നു. “ആഹ്ലാദ വിസ്ഫോടനത്താൽ’’ നഗരം വിറകൊണ്ടതായി ഒരു ബിബിസി റിപ്പോർട്ട് വിലയിരുത്തി.

സന്തോഷം എല്ലായ്പ്പോഴും ഒരു അതിശയകരമായ സമ്മാനമാണ്. എന്നിരുന്നാലും, ഒരു പട്ടണത്തിന്, ഒരു ജനതയ്ക്ക് കൂടുതൽ ആഴത്തിലേക്കിറങ്ങുന്നതും നിലനില്ക്കുന്നതുമായ സന്തോഷം എങ്ങനെ അനുഭവിക്കാമെന്ന് സദൃശവാക്യങ്ങൾ വിവരിക്കുന്നു. “നീതിമാന്മാർ ശുഭമായിരിക്കുമ്പോൾ പട്ടണം സന്തോഷിക്കുന്നു’’ (11:10). മനുഷ്യവർഗ്ഗത്തിനുവേണ്ടിയുള്ള ദൈവത്തിന്റെ രൂപകല്പന പ്രകാരം യഥാർത്ഥമായി ജീവിക്കുന്നവർ സമൂഹത്തെ സ്വാധീനിക്കുവാൻ ആരംഭിക്കുമ്പോൾ അത് സുവാർത്തയുടെ അടയാളമായി മാറുന്നു, കാരണം അതിനർത്ഥം ദൈവിക നീതി പ്രബലപ്പെടുന്നു എന്നാണ്. അത്യാഗ്രഹം ഇല്ലാതെയാകുന്നു. ദരിദ്രർക്കു പിന്തുണ ലഭിക്കുന്നു. പീഡിതർ സംരക്ഷിക്കപ്പെടുന്നു. ദൈവം നിർദ്ദേശിക്കുന്ന ശരിയായ ജീവിതപാത പ്രബലപ്പെടുമ്പോൾ പട്ടണത്തിൽ സന്തോഷവും “അനുഗ്രഹവും’’ ഉണ്ടാകുന്നു (വാ. 11).

നാം ആത്മാർത്ഥമായി ദൈവിക പാതയിൽ ജീവിക്കുമ്പോൾ, അതിന്റെ ഫലം എല്ലാവർക്കും സുവാർത്ത എന്നതാണ്. നമ്മുടെ ജീവിത രീതി നമുക്കു ചുറ്റുമുള്ള സമൂഹത്തെ മെച്ചമുള്ളതും പൂർണ്ണതയുള്ളതും ആക്കും. ലോകത്തെ സൗഖ്യമാക്കുവാനുള്ള തന്റെ പ്രവൃത്തിയുടെ ഭാഗമാകാൻ ദൈവം നമ്മെ ക്ഷണിക്കുന്നു. പട്ടണത്തിൽ സന്തോഷം കൊണ്ടുവരുവാൻ അവൻ നമ്മെ ക്ഷണിക്കുന്നു. വിൻ കൊളിയർ

നിങ്ങളുടെ പട്ടണത്തിൽ എവിടെയാണ് സന്തോഷത്തിന്റെ
ആവശ്യകത നിങ്ങൾ കണ്ടത്? നിങ്ങൾക്കെങ്ങനെ അവിടെ
ദൈവിക സന്തോഷം കൊണ്ടുവരുവാൻ കഴിയും?

പ്രിയ ദൈവമേ, മറ്റുള്ളവർക്കു സന്തോഷം നൽകുന്നതിൽ
അങ്ങയോടൊപ്പം ചേരുവാൻ എന്നെ സഹായിക്കണമേ.

അഞ്ചു നല്ല കാര്യങ്ങൾ

യഹോവെക്കു സ്തോത്രം ചെയ്വിൻ; അവൻ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളതു. [ സങ്കീർത്തനം 107:1 ]

അഞ്ചു നല്ല കാര്യങ്ങൾ

തങ്ങൾക്കുള്ളതിൽ മനപ്പൂർവ്വം നന്ദിയുള്ളവരായിരിക്കുന്ന ആളുകൾ നല്ല ഉറക്കം കിട്ടുന്നവരും കുറഞ്ഞ രോഗലക്ഷണങ്ങൾ ഉള്ളവരും കൂടുതൽ സന്തോഷ മുള്ളവരും ആണെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. ഇതെല്ലാം നമ്മിൽ മതിപ്പുളവാക്കുന്ന നേട്ടങ്ങളാണ്. ഓരോ ആഴ്ചയും നമ്മൾ നന്ദിയുള്ളവരായിരിക്കുന്ന അഞ്ചു കാര്യങ്ങൾ എഴുതി സൂക്ഷിക്കുന്ന ഒരു “കൃതജ്ഞതാ ജേണൽ’’ സൂക്ഷിക്കാൻ മനഃശാസ്ത്രജ്ഞന്മാർ നിർദ്ദേശിക്കുന്നു.

നന്ദി പറയുന്ന ശീലത്തെ തിരുവചനം മുമ്പേതന്നെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ആഹാരത്തിനും വിവാഹജീവിതത്തിനും (1 തിമൊഥെയൊസ് 4:3-5) സൃഷ്ടിയുടെ സൗന്ദര്യത്തിനും (സങ്കീർത്തനം 104) നാം നന്ദി പറയുവാനും അവയെല്ലാം ദൈവിക ദാനമാണെന്നു മനസ്സിലാക്കി ദാതാവിനു നന്ദി പറയുവാനും ബൈബിൾ നമ്മെ ആഹ്വാനം ചെയ്യുന്നു. യിസ്രായേൽ അത്യാവശ്യമായും നന്ദിപറയേണ്ട അഞ്ചു കാര്യങ്ങൾ സങ്കീർത്തനം 107 ൽ കൊടുത്തിരിക്കുന്നു: മരുഭൂമിയിൽനിന്ന് അവരെ രക്ഷിച്ചത് (വാ. 4-9), അടിമത്വത്തിൽ നിന്നുള്ള അവരുടെ മോചനം (വാ. 10-16), രോഗസൗഖ്യം (വാ. 18-22), സമുദ്രത്തിലെ സുരക്ഷിതത്വം (വാ. 23-32), വരണ്ട ഭൂമിയിൽ അവർ അഭിവൃദ്ധി പ്രാപിച്ചത് (വാ. 33-42) എന്നിവയാണവ. “യഹോവെക്കു സ്തോത്രം ചെയ്വിൻ’’ സങ്കീർത്തനം ആവർത്തിച്ചു പറയുന്നു, കാരണം ഇവ അവന്റെ മാറിപ്പോകാത്ത “നന്മ’’യുടെ (വാ. 8, 15, 21, 31) അടയാളങ്ങളാണ്.

നിങ്ങളുടെ അടുത്ത് കുറിപ്പെഴുതാനുള്ള കടലാസുണ്ടോ? നിങ്ങൾ നന്ദിയുള്ള വനായിരിക്കുന്ന അഞ്ചു കാര്യങ്ങൾ ഇപ്പോൾ തന്നേ എഴുതാൻ കഴിയുമോ? നിങ്ങൾ ഇപ്പോൾ കഴിച്ച ഭക്ഷണമാകാം, നിങ്ങളുടെ വിവാഹമോ അല്ലെങ്കിൽ യിസ്രായേലിനെപ്പോലെ ഇന്നുവരെ നിങ്ങളെ ദൈവം രക്ഷിച്ചതോ ആകാം. വെളിയിൽ പാടുന്ന പക്ഷികൾക്കുവേണ്ടിയും അടുക്കളയിൽനിന്നു വരുന്ന സുഗന്ധത്തിനും കസേരയിലെ സുഖകരമായ ഇരിപ്പിനും പ്രിയപ്പെട്ടവരുടെ മന്ത്രണത്തിനും വേണ്ടിയും നന്ദിപറയാൻ നിങ്ങൾക്കു കഴിയും. ഓരോന്നും ഒരു ദാനവും ദൈവത്തിന്റെ മാറാത്ത സ്നേഹത്തിന്റെ അടയാളവുമാണ്. ഷെരിദാൻ വോയ്സി

നന്ദിയുള്ളവരായിരിക്കാൻ തിരുവചനം കൂടെക്കൂടെ ആഹ്വാനം ചെയ്യുന്നത് എന്തുകൊണ്ടാണെന്നാണ് നിങ്ങൾ ചിന്തിക്കുന്നത്? ഇന്നു നിങ്ങൾക്കു നന്ദിയുള്ളവരായിരിക്കാൻ കഴിയുന്ന അഞ്ചു കാര്യങ്ങൾ എന്തെല്ലാമാണ്?

പിതാവായ ദൈവമേ, അങ്ങ് എന്റെ ജീവിതത്തിൽ നൽകിയിട്ടുള്ള
എല്ലാ കാര്യങ്ങൾക്കും ഞാൻ നന്ദിയുള്ളവനാണ്. 
അതിലെല്ലാമുപരി അങ്ങേയ്ക്കുവേണ്ടി ഞാൻ നന്ദിയുള്ളവനാണ്.